Friday, May 11, 2012

മലയാള സീരിയലും ഒറീസ്സ ദോസ്തും!

എന്‍റെ ദോസ്ത്‌ ഒറീസ്സക്കാരന്‍ രഞ്ജിത്ത് പ്രജാപതി ഒരു അക്കൗണ്ട്‌ മാനേജര്‍ കം കഥാകൃത്ത് ആണ്.ഒരു കഥക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായ ഒരു കലാകാരന്‍.
ഒഴിവു ദിവസങ്ങളില്‍ ബോളിവുഡ് പ്രൊഡ്യുസര്‍മാരുടെ ഓഫീസില്‍ ചെന്ന് അവിടുത്തെ വാച്ച്മാന്‍മാരുടെ ചീത്ത വിളി കേട്ട് തിരിച്ചു വരും.നോ എന്‍ട്രി.ഒരിക്കല്‍ ഏതോ ഒരു ചോട്ടാ പ്രൊഡ്യുസരുടെ ഓഫീസില്‍ ചെന്നപ്പോള്‍ ഒറീസ്സക്കാരനായ ഒരു വാച്ച്മാന്‍ സ്നേഹത്തോടെ മടക്കി വിട്ടു .കഥ കാണിക്കാന്‍ അങ്ങനെ ചുമ്മാ വലിഞ്ഞു കേറി ചെല്ലാന്‍ പറ്റില്ല,സിനി WRITTERS അസോസിയേഷന്‍ MEMBERSHIP എടുത്ത് ഒഫീഷ്യല്‍ ആയി വരണമെന്ന് ഒരു ഉപദേശവും കൊടുത്താണ് വിട്ടത്.1500 രൂപ അടച്ച് ഒരു സാമ്പിള്‍ കഥയും സൈന്‍ ചെയ്തു കൊടുത്ത് MEMBERSHIP കാര്‍ഡൊക്കെ എടുത്ത് ഇപ്പോള്‍ വീട്ടില്‍ ഇരുപ്പാണ്.
ഒരു കാര്‍ഡു കൊണ്ട് ജീവിതം വഴി മാറില്ലെന്ന് ബോധ്യമായപ്പോള്‍ പുള്ളിക്കാരന്‍ സീരിയല്‍ ഫീല്‍ഡില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചു.
ഒരു ദിവസം എന്നോട് മലയാളത്തിലെ കൊറേ സീരിയല്‍ കഥ പറയാമോ എന്ന് ചോദിച്ചു.
 എടാ മലയാളത്തിലെ സീരിയല്‍ എങ്ങനെ ഒറിസ്സയില്‍ ആക്കുമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ "ഓ അത് കുഴപ്പമില്ല ചില സീനും സംഭവങ്ങളും മാറ്റാം,ഉദാഹരണത്തിന് കഥാ നായികാ രാവിലെ ദോശയും ചമ്മന്തിയും വിളംബുകയാണെങ്കില്‍ ഞാനത് ഒണക്ക ചപ്പാത്തിയും അച്ചാറും ആക്കി മാറ്റാം" എന്ന് ദോസ്ത്.
"പ്രശ്നം ദോശയും ചപ്പാത്തിയും അല്ല,കഥയാണെ"ന്ന് ഞാനും.

പക്ഷെ പുളളിക്കാരന്‍ വിടുന്ന ലക്ഷണമില്ല."നീ കൊറേ സീരിയല്‍ കണ്ടിട്ട് കഥ പറയുമ്പോ ഞാന്‍ ഒരു കോമണ്‍ കഥ ഉണ്ടാക്കുമെന്ന്" ആത്മ വിശ്വാസത്തോടെ അദ്ദേഹം.എങ്കി നോക്കാമെന്ന് ഞാന്‍.
സീരിയല്‍ കാണാന്‍ താല്പര്യം ഇല്ലാതിരുന്ന ഞാന്‍ അങ്ങനെ ഒരു മാസം തുടര്‍ച്ചയായി സീരിയല്‍ കാണാന്‍ തുടങ്ങി ദോസ്തിന് വേണ്ടി!
"എന്നെ കളിയാക്കിയ കേട്ടിയോനിപ്പം ജോലി കഴിഞ്ഞു വന്നു കുങ്കുമപ്പുവും,ഹരിചന്ദനവും കാണുന്നുണ്ടെന്ന്" സന്തോഷത്തോടെ എന്‍റെ ഭാര്യ അയല്‍വക്കത്തെ വര്‍ഗീസ്‌ അച്ചായന്‍റെ ഭാര്യയോട്‌ പറയുന്നത് ഞാന്‍ കേട്ടു.
മലയാള സീരിയലിലെ ജാരസന്തതി,കൊട്ടേഷന്‍,ഏഷണി,ഗര്‍ഭം ഈ വക സംഭവങ്ങള്‍ എല്ലാം ചേര്‍ത്ത് പുതിയ എന്ത് കോപ്രായമാ ഇവന്‍ ഒണ്ടാക്കാന്‍ പോകുന്നത് എന്ന് ഞാന്‍ ആലോചിച്ചു.ഏതായാലും നോക്കാം.ഒറീസ്സയിലെ ഒരു 'ബൈജു ദേവരാജാവായി' എന്‍റെ ദോസ്ത് മാറുമോ?
പക്ഷെ എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ല.ഒരു മാസം തികയുന്നതിനു മുമ്പേ ഞാന്‍ അവനോടു പറഞ്ഞു:"ഞാന്‍ സമ്മതിക്കില്ല.കേരളത്തില്‍ ഹോട്ടല്‍ ജോലിക്കും മൈക്കാട് പണിക്കും ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്ന പാവപ്പെട്ട അധ്വാനികളുടെ നാട്ടിലേക്കു അവരുടെ അമ്മ പെങ്ങന്‍ മാര്‍ക്ക് മാനസിക ആഘാതം ഏല്‍പ്പിച്ചു ഉറക്കം കെടുത്തുന്ന ഈ വക ചവറുകള്‍ അറിഞ്ഞുകൊണ്ട്  എന്തിനു അടിചെല്പ്പിക്കണം?
അവര് നാമം ജപിച്ചു രാത്രിയില്‍ സുഖമായി ഉറങ്ങട്ടെ.ഞാന്‍ ഒരു കഥ പറയാനും ഇല്ല" എന്ന് തീര്‍ത്തു പറഞ്ഞു.

"നീ പേടിക്കണ്ട കഥ,ആശയം:-രതീഷ്‌ നായര്‍ എന്ന് ടൈറ്റില്‍ തുടക്കത്തില്‍ എഴുതി കാണിക്കാം" എന്ന് ഒരു ഓഫര്‍ അദ്ദേഹം എന്‍റെ മുമ്പില്‍ വച്ചു.
"ഈ ഉദ്യമം ഇവിടെ അവസാനിപ്പിക്കാം" എന്ന് ഞാന്‍ പറഞ്ഞ് എന്‍റെ നയം വ്യക്തമാക്കി സ്നേഹത്തോടെ പിരിഞ്ഞു.
ശുഭം.
ഒടുവില്‍ കിട്ടിയ വാര്‍ത്ത‍.രഞ്ജിത്ത് പ്രജാപതി എന്ന എന്‍റെ ഒറീസ്സ ദോസ്ത് അവന്‍റെ നാട്ടില്‍ പോയി ആരൊക്കെയോ കണ്ടു കഥ പറഞ്ഞ്‌ ഒരു സീരിയല്‍ തുടങ്ങാന്‍ പോകുന്നു എന്നാണ്.
എന്‍റെ എല്ലാ ആശംസകളും മേരാ ദോസ്തിന്.നേരുന്നു.എല്ലാം ഒറീസ്സ ക്കാരുടെ വിധി എന്ന് കരുതാം.

NB :എന്‍റെ കൂട്ടുകാരന് മലയാളം വായിക്കാന്‍ അറിയില്ല എന്ന ഒറ്റ ബലത്തില്‍ എഴുതിയതാണീ സംഭവ കഥ.