പാലിന് ഒരു രൂപ ലിറ്ററിന് കൂട്ടിയപ്പോള്‍ പശുവിനെ വാങ്ങാന്‍ തീരുമാനിച്ചു .പക്ഷെ സ്ഥലം പ്രശ്നം.സ്ഥലം പ്രശ്നം എന്നുവച്ചാ ഹൌസിംഗ് സൊസൈറ്റി യില്‍ പശുവിനെ കെട്ടാന്‍ നിയമം ഇല്ല എന്ന് സെക്രട്ടറി പറഞ്ഞു .ഇന്ത്യന്‍ ഹൌസിംഗ് സൊസൈറ്റി ബൈ ലോ അനുസരിച്ച് സൊസൈറ്റി പ്രിമ്യ്സെസില് നാല്‍ക്കാലികളെ കെട്ടാനുള്ള അനുവാദം ഇല്ല .
"ഒരു ചെറിയ exemption തരണം ,പാര്‍ക്കിംഗ് ചാര്‍ജ് തരാം വണ്ടി ഇടുന്നിടത്ത് പശുവിനെ കെട്ടിക്കോളാം" എന്ന് ഞാന്‍ .
"തന്നെ ഞാന്‍ ഹൌസിംഗ് സൊസൈറ്റി യില്‍ നിന്ന് പുറത്താ ക്കുമെന്ന്" സെക്രട്ടറി പറഞ്ഞപ്പോള്‍ ചെയര്‍മാന്‍ ഇടപെട്ടു .പുള്ളിക്കാരന്‍ മലയാളിയാണ് .പാലാക്കാരന്‍ വര്‍ഗീസ് .
"എടോ താന്‍ ജോലിക്കൊന്നും പോകാതെ പശു വിനേം കറന്നു ഫ്ലാറ്റില്‍ ഇരിക്കാന്‍ പോവാന്നോ" എന്ന് പുള്ളി .
അതു ശരിയാണ് .ഒരു പശുവിനെ വളര്‍ത്താന്‍ അതിനു സമയം കണ്ടെത്തി ശരിക്ക് നോക്കണം.അതിനു ജോലി തടസ്സമാണ് .
എങ്കില്‍ ഭാര്യയോട് നോക്കാന്‍ പറഞ്ഞപ്പോള്‍ ഒന്നുകില്‍ പശു,അല്ലെങ്കില്‍ നിങ്ങള്‍ എന്ന് മുഖത്തു നോക്കി അവള്‍ പറഞ്ഞു.തത്കാലം പശുവിന്റെ മാറ്റര്‍ അവിടെ ക്ലോസാക്കി.
പുതിയ പ്രശ്നങ്ങള്‍ ഓരോന്നായി തുടങ്ങി വീണ്ടും.പെട്രോള്‍ വില ഓരോ ആഴ്ചയും കൂടിക്കൊണ്ടിരിക്കുന്നു .നമ്മളോടാ കളി.കാറു വിറ്റു ഞാന്‍ 3400/- രൂപയുടെ സൈക്കിള്‍ വാങ്ങി .കാറ്റടിക്കാന്‍ വലല്യ ചിലവൊന്നും ഇല്ലല്ലോ .ഫ്ലാറ്റ് നമ്പര്‍ ബി/002 വിലെ അയാള്‍ക്ക് ഭ്രാന്താണെന്ന് സൊസൈറ്റി യില്‍ ഉള്ളവര്‍ക്കിടയില്‍ സംസാരം ഉണ്ടെന്നു ഭാര്യ കണ്ടുപിടിച്ചു.എന്നെ ഭ്രാന്തനെന്ന് വിളിക്കുന്നവര്‍ എനിക്ക് ചിലവിനു തരുന്നവരല്ലല്ലോ എന്ന് ഞാനും .സൈക്കിള്‍ ചവിട്ടിയപ്പോള്‍ പല ഗുണം .വ്യായാമം .കൊളസ്ട്രോള്‍ കുറഞ്ഞു .പ്രഷര്‍ നോര്‍മല്‍ .ഇതൊക്കെ ചെയ്യുന്നവന്‍ ഭ്രാന്തന്‍ ആണെങ്കില്‍ ഞാനൊരു മുഴു ഭ്രാന്തനാകാന്‍ തീരുമാനിച്ചു .
ആവശ്യ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി സര്‍ക്കാര്‍ എന്നെ വെല്ലു വിളിച്ചുകൊണ്ടിരുന്നു .പിന്നേം നമ്മളോടാ കളി .പഞ്ചസാരക്ക് വില കൂടിയപ്പോള്‍ ചക്കര കാപ്പി,പരിപ്പിന് വില കൂട്ടിയപ്പോള്‍ പരിപ്പില്ലാ സാമ്പാര്‍ ,ഉഴുന്നില്ലാതെ പച്ചരി മാത്രം അരച്ച് "നീര്‍ ദോശ".(മംഗലാപുരം സ്റ്റൈലില്‍ ).അങ്ങനെ ആവശ്യ വസ്തുക്കള്‍ അനാവശ്യ വസ്തുവായി കരുതി ബജറ്റ് കുറച്ച് ജീവിതം ജീവിക്കാന്‍ തീരുമാനിച്ചു.അല്ലാതെ നിവര്‍ത്തിയില്ലല്ലോ .
ജൂനിയര്‍ kG യില്‍(nursary ) പഠിക്കുന്ന മകന്‍റെ സ്കൂള്‍ ഫീസ് കൂട്ടി സ്കൂള്‍ management അടുത്ത വെല്ലുവിളി ഉയര്‍ത്തി .കളി വീണ്ടും തുടരുകയാണ് .ഏതായാലും parent ടീച്ചര്‍ assossiation മീറ്റിങ്ങില്‍ ശക്തമായി ഇതിനെ എതിര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു."തനിക്കു ബുദ്ധിമുട്ടാണെങ്കില്‍ തന്‍റെ മകനെ വല്ല സര്‍ക്കാര്‍ സ്കൂളിലും കൊണ്ടുപോയി ചേര്‍ക്കാന്‍ " പ്രിന്‍സിപ്പല്‍ ഇംഗ്ലീഷില്‍ തീര്‍ത്തു പറഞ്ഞു . "പരിപ്പില്ലാത്ത സാമ്പാര്‍ കഴിക്കാം എന്നാല്‍ മകനെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കാന്‍ പറ്റില്ലെന്ന്" ഭാര്യയും പറഞ്ഞു ഇനി ശമ്പളം കൂട്ടാന്‍ ജോലി സ്ഥലത്തെ മുതലാളി യോട് പറയാം എന്ന നിര്‍ണായകമായ തീരുമാനം എടുക്കേണ്ട സമയമായി എന്നെനിക്കു തോന്നി.
അവസാനം മുതലാളിയുടെ മുമ്പിലെത്തി നയം വ്യക്തമാക്കി .നിത്യോപയോഗ സാധനങ്ങളുടെ വില കൂടി ,പഠന ചെലവ് വര്‍ദ്ധിച്ചു എന്നൊക്കെ അങ്ങേര്‍ക്കരിയാവുന്ന കാര്യങ്ങള്‍ തന്നെ ഞാന്‍ ബോധിപ്പിച്ചു .പക്ഷെ സംഗതി വിജയിച്ചില്ല എന്ന് മാത്രമല്ല "recession ,Inflation ,Raw material , tax ..." എന്നീ വലിയ വലിയ വാക്കുകള്‍ ഉപയോഗിച്ച് അങ്ങേരെന്നെ വെരുട്ടുകയും ചെയ്തു .ജോലി തെറിക്കുന്നതിലും ഭേദം അപ്പോള്‍ അവിടെനിന്നു വിടുന്നതാണ് നല്ലതെന്ന് തോന്നി പിന്‍വാങ്ങി .ജീവിതമെന്ന കട്ടപ്പൊക എന്നെ ശ്വാസം മുട്ടിച്ചു കൊല്ലുന്നതിനു മുമ്പേ ആത്മഹത്യ എന്ന വഴിയിലൂടെ ഇല്ലാതാവാന്‍ ശ്രമിച്ചു .കാരണം എനിക്കിനിയും ജീവിക്കണമെങ്കില്‍ ഞാന്‍ മരിക്കണം എന്ന ബോധം എന്നില്‍ ഉടലെടുത്തിരുന്നു. അല്പം വിഷമടിച്ചാവം അന്ത്യം .കടയില്‍ പോയി മാരകമായ കീട നാശിനി (എന്‍ഡോ സള്‍ഫാന്‍ അല്ല .)വാങ്ങി .ഹോ ! എന്ന ഒരു വില .സാരമില്ല .ഇനി എന്തിനു വില പേശണം?തീര്‍ന്നില്ല.വെല്ലുവിളികള്‍ വീണ്ടും തല പോക്കുന്നുണ്ടായിരുന്നു .എന്തോ പന്തി കേടു തോന്നിയ നല്ലവനായ കടക്കാരന്‍ പോലീസിന് ഫോണ്‍ ചെയ്തു .ആത്മഹത്യ ശ്രമത്തിനു കേസെടുത്ത് ഞാനെന്ന ഭ്രാന്തന്‍ അങ്ങനെ അകത്തായി .കഴിഞ്ഞ ഏപ്രില്‍ 21 ന്.എനിക്കന്ന് മനസ്സിലായത് ഒരു സത്യമാണ്.ഈ നാട്ടില്‍ ജീവിക്കാനും മരിക്കാനും അവകാശമില്ലെന്ന ഒരു വലല്യ നഗ്ന സത്യം .!